Tuesday, 25 June 2013

ലണ്ടനിലെ ആദ്യ ജോലി

വിവാഹ നിയമത്തിന്റെ ചില നൂലാമാലകൾ മൂലം ഭർത്താവ് ലണ്ടനിൽ ഉണ്ടെങ്കിലും സ്ടുടന്റ്റ് വിസയിലാണ്, ഇവിടേയ്ക്ക് വന്നത്. അല്ലെങ്കിൽ വിസ ആവശ്യത്തിനാണ്, വിദ്യാർഥി ആയതെന്ന് പറയാം. ഇവിടെയുള്ള കലാലയത്തിൽ അപേക്ഷ കൊടുക്കും മുമ്പേ കൻസൽറ്റന്റ് പണഞ്ഞു, " മാഡം അവിടെ ചെന്നാൽ ഇരുപതു മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യാം. ഒരു മണിക്കൂറിനു പതിനഞ്ചു മുതൽ ഇരുപതു പൌണ്ട് വരെ കിട്ടും". ഞാൻ മാക്സിമത്തിൽ ഇട്ടു കൂട്ടി. ഇരുപത് ഗുണം ഇരുപത്, നാനൂറ്. നാനൂറ് ഗുണം നാല് , ആയിരത്തി അറുനൂറ്. മാസം ഒന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ. വിദ്യാ സമ്പന്നയായ ഏതൊരു ഇന്ത്യാകാരനേയും പോലെ എന്റെ ജോലി സ്വപ്നവും സട കുടർന്നെഴുന്നേറ്റു.

എന്തായാലും സ്ടുടന്റ്റ് ആയി. ആഗസ്ത് മുതലുള്ള തണുപ്പു മൂലം ലക്ഷ സ്വപ്നം ക്രമേണ മാറി തുടങ്ങിയെങ്കിലും ഫെബ്രുവരിയിൽ അത് വീണ്ടും തല പൊക്കി. അങ്ങിനെയാണ്, സി.വി.എന്ന എന്റെ മഹത്തായ കരിക്കുലം വിറ്റെ ഒരു നാൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു ദിവസം എനിക്കൊരു മെയിൽ വന്നു.delta-itltd.co.uk എന്ന കമ്പനിയിൽ നിന്നായിരുന്നു, അത്. അവരുടെ ഫിനാൻഷ്യൽ സപ്പൊർട്ട് ഏജന്റ് ആയി എന്നെ നിയമിക്കാൻ ആഗ്രഹമുണ്ടെന്നും, താല്പര്യമുണ്ടെങ്കിൽ മറുപടി അയക്കുവാനുമായിരുന്നു മെയിൽ. പണ്ട്, നാട്ടിലായിരുന്നപ്പോൾ ഓൻലൈനിൽ കണ്ടന്റ് വ്രൈറ്റർ ആയി ജോലി നോക്കിയതും ശമ്പളം തപാലിൽ അയച്ചു തന്നതും ഓർമ വന്നു. ഇത്തവണയും ഭര്ത്താവ് ഉടക്കി.

delta-itltd.co.uk വല്ല തട്ടിപ്പ് കമ്പനിയായിരിക്കും, നീ അയക്കണ്ട. ഞാനുണ്ടോ വിടുന്നു. എല്ലാത്തിനെയും പെസിമിസ്റ്റ് ആയി കാണുന്നതു തന്നെ ഒരു രോഗമാണെന്നായിരുന്നു, ഇത്തവണ എന്റെ വാദം.

എന്തായാലും ഞാൻ മറുപടി അയച്ചു. അവരുടെ ജോലിയാണെങ്കിൽ തീരെ നിസ്സാരം. വീട്ടിലിരുന്നു ചെയ്താൽ മതി. എനിക്ക് ഏതെങ്കിലും യു. കെ. ബാങ്കിൽ അക്കൌണ്ട് ഉണ്ടായിരിക്കണം. അവർ എന്റെ അക്കൌണ്ടിലേക്ക് അയച്ചു തരുന്ന പണം തട്ടാതെ തടയാതെ ഒരു മണിക്കൂറിനുള്ളിൽ ഞാൻ പോസ്റ്റ് ഓഫീസ് വഴിയോ വെസ്റ്റേർന് യൂണിയൻ മണി ട്രാൻസ്ഫർ വഴിയോ അവർ പറയുന്ന ആളിന് അയച്ചു കൊടുക്കണം. എനിക്ക് കമ്മീഷൻ തരും. മാസം ആയിരത്തി അഞ്ഞൂറ് പൌണ്ട് ശമ്പളവും. കൂടാതെ പ്രമോഷനും ഉണ്ടത്രേ. ഇന്നേ വരെ ഒരു നല്ല ജോലി കിട്ടിയിട്ടില്ല. അതിനാൽ പടച്ചവൻ കാട്ടി തന്ന വഴിയായിരിക്കും എന്ന് കരുതി, അപേക്ഷിച്ചു.

ആദ്യത്തെ രണ്ടു ദിവസം അവർ നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഇതൊരു അമേരിക്കൻ കമ്പനിയാണെന്നും കമ്പ്യൂട്ടർ മേഖലയിലുള്ള ഇന്ത്യയുടെ അധിക ചെലവ് മൂലം അവർക്ക് കിഴക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നുമെല്ലാം സൈറ്റിൽ തന്നെ വിശദമായി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു ആദ്യത്തെ ടാസ്ക് വന്നു. കൂടാതെ ഒരു നിര്ദ്ദേശവും, കമ്പനിക്കു അധികം പണം അവരുടെ തൊഴിലാളികൾക്ക് അയക്കാൻ കഴിയാത്തതിനാൽ ഇത് വ്യക്തികളുടെ പേരില് നിന്നായിരിക്കും അയക്കുന്നത്.

ഒരു നിഖിഷ സലീമിന്റെ അക്കൌണ്ടിൽ നിന്ന് എനിക്ക് അയ്യായിരം പൌണ്ട് അയച്ചിരിക്കുന്നു. ഞാനിതു ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേർക്കായി ജീവിതത്തിൽ ആദ്യമായി കേട്ട ഒരു രാജ്യത്തേക്ക് അയച്ചു കൊടുക്കണം. എനിക്കൊരല്പം പേടി തോന്നി തുടങ്ങി. എവിടെയോ ഒരു പന്തി കേടുണ്ട്. അയക്കുന്നത് നിഖിഷ സലിം. കിട്ടുന്നത് ഒരു ബന്ധവുമില്ലാത്ത ചില പേരുകാർ.

ഞാൻ ഭർത്താവിനെയും കൂട്ടി ബാങ്കിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ അതാ തലയിൽ ഇടിത്തീ പോലെ അവരുടെ മൊഴി. ആയിരത്തി അഞ്ഞൂറ് പൌണ്ടിൽ കൂടുതൽ ഒരു ദിവസം പിൻവലിക്കാൻ പാടില്ലാത്രേ. കഴിഞ്ഞ ദിവസം ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ എത്ര വേണമെങ്കിലും പിൻ വലിക്കാം എന്ന് ഉറപ്പു നല്കിയതാണ്. ആ ഉറപ്പിൻ മേലാണ് ടെല്ട കമ്പനിയിൽ ജോലിക്കു ചേർന്നത്. എന്തായാലും ഒരു വിധം ഹെഡ് ആപ്പീസിൽ പോയി പണം പിൻ വലിച്ചു പറഞ്ഞ നിർദ്ദേഷിച്ച ആളുകൾക്ക് അയച്ചു കൊടുത്തു. കാറിലിരുന്നു ഭർത്താവ് പിറുപിറുത്തു, ഇത് മണി ലോൻഡരിങ്ങ് അല്ലാതെ മറ്റൊന്നുമല്ല.

വീട്ടിലെത്തിയ ഉടനെ തന്നെ അയച്ച ചീട്ടിന്റെ ഫോട്ടോ കോപ്പി എടുത്തത് കമ്പനിക്കു അയച്ചു. കൂടെ ഒരു മെസ്സേജും, " എനിക്ക് ആയിരത്തി അഞ്ഞൂറ് പൌണ്ടിൽ കൂടുതൽ പിൻ വലിക്കാൻ കഴിയില്ല. അതുകൊണ്ട്, ആ ലിമിറ്റിൽ ഉള്ള ജോലി തന്നാൽ മതി".

വീണ്ടും സമാധാനക്കേട് തുടങ്ങി. എന്താണു മണി ലോണ്ടരിംഗ്? ലോ കോളേജിൽ ഇരുപത്തി നാല് വിഷയത്തിൽ പരീക്ഷ പാസായി വക്കീലുദ്യോഗം നേടിയിട്ടും ഹൈ കോടതിയിൽ ഇത്രനാൾ പ്രാക്ടീസ് ചെയ്തിട്ടും ഇങ്ങനെ ഒരു വിഷയം മുന്നില് വന്നു പെട്ടിട്ടില്ല.

ഏയ് , സീരിയസ് ആകാൻ വഴിയില്ല, ഞാൻ മനസ്സിൽ പറഞ്ഞു, സമാധാനിച്ചു, എന്നാലും ഇന്റർനെറ്റിൽ തപ്പി. "മണി ലൗന്ദരിങ്ങ് ലോ ഇൻ യു.കെ." ഞെട്ടി പോയി. അതൊരു സീരിയസ് ഒഫന്സ് ആണു. അതിൽ ഭാഗഭാക്കാകാൻ പാടില്ല. അറിഞ്ഞാൽ ഉടനെ രിപ്പോർട്ട് ചെയ്യണം. ഞാൻ ആർക്കെതിരെ റിപ്പോര്ട്ട് ചെയ്യും. മണി ലോന്ദരിങ്ങ് ഒഫന്സ് ആണു. പക്ഷേ ദൽറ്റ ലിമിട്ടദ് ഇന്റർനെറ്റിൽ കണ്ണു മിഴിച്ചു കിടന്നു വിലസി ബിസിനസ് നടത്തുന്ന ഒരു അമേരിക്കൻ കമ്പനിയാണ്. പോരാത്തതിനു അവര്ക്ക് യു. കെ.യിൽ ഓഫീസുമുണ്ട്. ഒരു സ്റ്റുദന്റ് ആയ എനിക്കിവിടെ രസിഡൻസ് പെർമിറ്റ് പോലും നാമ മാത്രം. എന്നാലും ഞാൻ പരാതി കൊടുക്കേണ്ട ആപ്പീസുകളൊക്കെ കണ്ടു വെച്ചു. എല്ലാം ഓൻലൈനിൽ മാത്രം. ഇനി ഇതൊരു മണി ലോന്ദരിങ്ങ് ഒഫന്സ് ആണെങ്കിൽ ഇതൊരു ഗുരുതരമായ സൈബർ കുറ്റവും ആണ്.

എന്തായാലും പിറ്റേ ദിവസം നാട്ടിലേക്കു പോയി. പതിനഞ്ചു ദിവസം കഴിഞ്ഞ് മടങ്ങി വന്നു ബാങ്കിൽ നിന്നും ക്യാഷ് പിൻ വലിക്കാൻ നോക്കുമ്പോളതാ എ. ടി .എം. മഷീൻ നിന്ന് തർക്കിക്കുന്നു. തർക്കത്തിനൊടുവിൽ ബാങ്കിൽ പോയി പരിഹാരം കാണാമെന്നു വച്ചു, ഭർത്താവിനെയും കൂട്ടി പോയി. ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന പോലെയതാ ആ ഭീകര വാർത്ത, ഞാൻ മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നും അതിനാൽ എന്റെ അക്കൌണ്ടിലേക്ക് വന്നു കൊണ്ടിരുന്ന ഭര്ത്താവിന്റെ മാസ വരുമാനം അവർ ഈടാക്കിയെന്നും, ബാലന്സ് തുക ഓവർ ഡ്രാഫ്റ്റ് ആയി ഞാൻ ബാങ്കിനു കൊടുക്കണം എന്നുമായിരുന്നു, അവരുടെ പ്രതിവിധി.

ഭര്ത്താവ് സമാധാനിപ്പിച്ചു, നാം ഹലാലായി ഉണ്ടാക്കിയതാണെങ്കിൽ തിരിച്ചു കിട്ടും. എനിക്ക് പൊട്ടി കരയാൻ തോന്നി. പെസിമിസം രോഗമാണെന്നു വരെ പറഞ്ഞിറങ്ങി തിരിച്ചിട്ടു രണ്ടു ചീത്ത പറഞ്ഞിരുന്നെങ്കിൽ സമാധാനം തോന്നിയേനെ.

അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. ഞാൻ കണ്ട എല്ലാ സൈറ്റിലും ഓൻലൈൻ ആയി പരാതി നല്കി. എന്റെ ബാങ്കായ സാന്റാന്ദർ ബാങ്ക് പിറകെ നിന്ന് മാറുന്നില്ല. അവര്ക്കവരുടെ ഓവർ ഡ്രാഫ്റ്റ് പണം വേണം. എന്റെത് സ്ടുടന്റ്റ് അക്കൌണ്ട് ആണു. എനിക്കവർ ഓവർ ഡ്രാഫ്റ്റ് ഫസിലിറ്റി തന്നിട്ടില്ല. ഞാൻ അപേക്ഷിച്ചിട്ടില്ല.ഞാൻ ബാങ്കിന്റെ ഒരു പൌണ്ട് പോലും ഉപയോഗിച്ചിട്ടില്ല. ഞാൻ ചെയ്താ കുറ്റം ഞാൻ മോഷ്ടിച്ച പണം ഉപയോഗിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നു ബാങ്കിനു ബോധ്യപ്പെട്ടാൽ ബാങ്കുകൾക്ക് അത് തിരിച്ചു മോഷ്ടിക്കാം. ഇതും മണി ലോന്ദരിങ്ങിന്റെ ഒരു ഭാഗം.

ഞാൻ ഫിനാൻഷ്യൽ ഓംബുഡ്സ് മാനിൽ പരാതി നല്കി. പരാതി പരിഗണനയിൽ ആണ്. എന്റെ പരാതി അവർ തിരസ്കരിച്ചു. ഇവിടെ ലീഗൽ ഓംബുഡ്‌സ്മാൻ, ഫിനാൻഷ്യൽ ഓംബുഡ്‌സ്മാൻ എന്ന പേരിലൊക്കെ ഉദ്യോഗസ്ഥന്മാർക്കും സ്ഥാപനങ്ങൾക്കും എതിരെ പരാതികൾ പരിശോധിക്കാൻ വേറെ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. പക്ഷേ അവരിലൂടൊണ് കയറിയിറങ്ങിയാൽ മനസ്സിലാകും സാധാരനക്കാരനെത്ര അപ്രാപ്യമാണ് അവയുടെ രീതികളെന്ന്. ബാങ്ക് ഇതിനകം കളക്ഷൻ ഏജൻസിയെ വിട്ടു. എന്റെ അയ്യായിരം പൗണ്ട് പോയി കിട്ടി.

Sunday, 16 June 2013

ഹൌസ് ഓഫ് കോമൻസിലെ സമൂസ

ഭാരതത്തിന്റെ പാർലമെന്റ് മന്ദിരം അകലെ നിന്ന് കണ്ടിട്ടുണ്ടെന്നതല്ലാതെ അതിനടുത്തു പോകാനോ, അതിനകത്ത് കയറാനോ സാധിച്ചിട്ടില്ല. ഹൌസ് ഓഫ് കോമണ്‍സിൽ നടത്തുന്ന  വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ ബാരിസ്റ്റർ ഹെന്റിയുടെ ക്ഷണം കിട്ടിയപ്പോഴും വലിയ താല്പര്യമൊന്നും തോന്നിയില്ല. ഈ ഇംഗ്ലീഷുകാരുടെ പാർട്ടിയിൽ നമുക്കെന്തു കഴിക്കാൻ കിട്ടും എന്നതായിരുന്നു, ചിന്ത. 

ബാരിസ്റ്റർ ഹെന്റിയാകട്ടെ , എന്റെ ക്ഷണം സ്വീകരിച്ച് ആലുവയിലെ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയ  ആദ്യത്തെ അതിഥിയുമാണ്‌..............,

എന്റെ ക്ഷണം സ്വീകരിച്ചു മാത്രമായിരുന്നില്ല, ഹെന്റി കേരളത്തിൽ വന്നത്. അതിനു പിന്നിൽ ഒരു നിഗൂഡ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു. വള്ളം കളിയിലും തോണി തുഴയലിലും അതീവ തല്പരനായ ഹെൻറി കേരളത്തെ കുറിച്ചും ആലപ്പുഴയിലെ കായൽ പരപ്പിനെ കുറിച്ചുമെല്ലാം ധാരാളം കേട്ടിട്ടുണ്ടായിരുന്നുവത്രെ. എന്തായാലും ഹെന്റി കേരളത്തിൽ വന്നു.

പാലായിലും മീനച്ചിലാറിലും ആലപ്പുഴയിലെ കായൽ കരയിലുമെല്ലാം പണ്ട് പരശുരാമന്റെ കാലത്ത് കളിച്ചു വളർന്നതാണ് താനെന്ന അഹങ്കാരത്തോടെ ഭർത്താവ് പറഞ്ഞു, " നീ വരണ്ട, പെണ്ണല്ലേ, വീട്ടിലിരുന്നോ, അല്ലെങ്കിൽ എറണാകുളത്ത് പോയി പേപ്പർ എല്ലാം ശരിയാക്ക്. ഹെന്രിയെ ഞാൻ മാനേജ് ചെയ്തോളാം. 

ജോലി വേണമെന്ന് നിരന്തരം വാശി പിടിച്ച എന്നെ സമാധാനിപ്പിക്കാനായി അവസാനം ഭർത്താവ് കണ്ടെത്തിയ മാർഗമായിരുന്നു, ബാരിസ്റ്റരാക്കുക എന്നത്. മൂന്നു വർഷത്തിനു മുകളിൽ പ്രാക്ടീസ് ഉള്ള വിദേശ വക്കീലന്മാർക്ക് പുപിലേജെന്ന ഓമന പേരിൽ അറിയപ്പെടുന്ന ട്രെയിനിംഗിലൂടെ ബാരിസ്ടരാകാം. ഇതിനു ഒരുപാട് കടമ്പകൾ വേറെയുന്ടെന്നത് സത്യം. അതിനുള്ള പേപ്പർ സംഘടിപ്പിക്കാനാണ്‌ എറണാകുളത്ത്  പോകുന്നത്.

സത്യം പറഞ്ഞാൽ എനിക്കീ പുപിലേജിനോടും ബാരിസ്റ്റർഷിപ്പിനോടും തുടക്കം മുതലേ ലവലേശം താല്പര്യമില്ലായിരുന്നു. ഒരുപാട് ബാരിസ്റ്റർമാരെയും സോളിസിറ്റർമാരെയും ഇതിനകം സ്വന്തം ആവശ്യത്തിനായി കണ്ടു ശീലിച്ഛപ്പോഴേക്കും ഇംഗ്ലീഷ് ലീഗൽ സിസ്റ്റം മടുത്തിരുന്നു.

നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കും ഏതെങ്കിലും പിരിച്ചു വിട്ട  പ്യൂണോ തൂപ്പുകാരിയോ " സാറേ എന്റെ ജോലി തിരികെ വാങ്ങി തരണമെന്ന് " പറഞ്ഞ്  വന്നാൽ " രൂപ നിങ്ങൾ വെച്ചോ, കേസ് ഞാൻ നടത്താം എന്ന് പറഞ്ഞിരുന്ന എന്റെ സീനിയർ അഡ്വക്കേറ്റ് രാജേന്ദ്രൻ നായരെ കണ്ടു ശീലിച്ച എനിക്ക്  ഒരു ബാരിസ്റ്റരും അദ്ദേഹത്തോളം വലുതായിരുന്നില്ല.

ഇന്ത്യയിലെ നിയമ വ്യവസ്ഥിതിയിൽ അപാകത ഉണ്ടാകാം. വക്കീലന്മാർ കള്ളം പറഞ്ഞേക്കാം. പക്ഷേ കൊള്ളക്കാരല്ല. വക്കീലന്മാർ കേസെടുക്കുന്നത്‌ കഴിയുമെങ്കിൽ ജയിപ്പിക്കാം എന്ന വാഗ്ദാനത്തോട് കൂടിയാണ്. അതിനവർ ശ്രമിക്കുമെന്ന് മാത്രമല്ല, കൊലയാളിയെ രക്ഷിക്കാനായി എത്ര കള്ളവും പറയും. പക്ഷേ ഇവിടെ പാവപ്പെട്ട കക്ഷിയുടെ കയ്യിൽ നിന്നും രണ്ടായിരവും മൂവായിരവും പൌണ്ട് വാങ്ങുന്നത് അര മണിക്കൂർ നേരം കക്ഷിയെ കോടതിയിൽ പ്രതിനിധീകരിക്കാൻ മാത്രമാണ്. ഈ പ്രതിനിധീകരണ വേളയിൽ ബാരിസ്റ്റർ പഠിക്കുന്നത് അടുത്ത കേസിന്റെ ഫയൽ ആയിരിക്കാം.

ഈ നീതി വ്യവസ്ഥിതിയുടെ ഭാഗഭാക്കാകാൻ എനിക്ക് താല്പര്യമില്ലാത്തതിനാൽ ബാരിസ്ട്ടരാകാനുള്ള മോഹം കാല ക്രമേണ അസ്തമിച്ചു.

രണ്ടാമതായി ബാരിസ്റ്റർ ആകണമെങ്കിൽ ടെമ്പിളിൽ പോകണം. ടെമ്പിൾ എന്ന് കേട്ടാൽ നാം കരുതും ഏതോ അമ്പലത്തിൽ ആണെന്ന്. എന്നാൽ തെറ്റി. ടെമ്പിൾ എന്നത് ലണ്ടനിലെ പേരു കേട്ട ഒരു സ്ഥലമാണ്. ഇവിടെയാണ്‌ ബ്രിട്ടന്റെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസും അതിനോടനുബന്ധിച്ച് ചാൻസരി കോർട്ടുമെല്ലാം സ്ഥിതി ചെയ്യുന്നത്. മിഡിൽ ടെമ്പിൾ, ഇന്നർ ടെമ്പിൾ എന്ന പേരിൽ അനേകം വക്കീലാപ്പീസുകളും ഇവിടെ കാണാം. പ്രശസ്തമായ തേംസ് നദീ തീരത്താണ്, ടെമ്പിൾ സ്ഥിതി ചെയ്യുന്നത് എന്നത് ഇതിനെ കൂടുതൽ മഹത്തരമാക്കുന്നു. ലണ്ടൻ ബ്രിഡ്ജ് വഴി ട്രെയിൻ യാത്ര ചെയ്തു ബ്ലാക്ക് ഫ്രായെഴ്സിലൂടെയും വിക്ടോറിയ സ്റ്റേഷൻ വഴിയും ടെമ്പിളിൽ എത്താവുന്നതാണ്.

ടെമ്പിൾ വരെ എത്താൻ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ബാരിസ്റ്റർ ആകണമെങ്കിൽ ടെമ്പിൾ സ്റ്റേഷനിൽ നിന്നും അര കിലോമീറ്ററിലധികം നടക്കണം പുപിലേജ് തരാമെന്നേറ്റ വക്കീലാപ്പീസിലേക്ക്. ഇവിടെ ഇംഗ്ലണ്ടിൽ വന്നപ്പോൾ എന്നെ അതിശയിപ്പിച്ച രണ്ടു കാര്യങ്ങളിൽ ഒന്ന് ഇവിടെ കൂടുതൽ വൃദ്ധ ജനങ്ങൾ ഉണ്ടെന്നതായിരുന്നു. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ഭർത്താവ് പറഞ്ഞു, ഇവിടെയുള്ള ആളുകൾ കൂടുതൽ വ്യായാമം ചെയ്യുന്നവരും നടക്കുന്നവരും ആണ്. രണ്ടാമതായി, ഇവിടെ നാട്ടിലേത് പോലെ  ഓട്ടോ റിക്ഷ പോയിട്ട് സൈക്കിൾ റിക്ഷ പോലുമില്ല. റ്റാക്സിയാണെങ്കിൽ ദുബായിലേതു പോലെ സുലഭമായി കാണാനുമില്ല. പിന്നെ നടക്കുക തന്നെ. ചിലർ ട്രെയിനിലെല്ലാം സൈക്കിൾ ചുമന്നു വരുന്നത് കാണാം.

നാട്ടിലാണെങ്കിൽ വീട്ടു പടിക്കൽ ഓട്ടോ റിക്ഷ വരും. എത്ര കാശില്ലെങ്കിലും ഓട്ടോ ചാർജ് എന്നും സമ്പാദ്യത്തിൽ ഉണ്ടാകും. ടെമ്പിൾ വരെ നടക്കുക ആലോചിക്കാനേ വയ്യ.

മൂന്നാമതായി, കൂടുതൽ മനസ്സിലാക്കുന്തോറും വക്കീൽ ജോലി മടുത്തു തന്നെ വരുന്നു. വക്കീൽ എന്നാൽ അറബി ഭാഷയിൽ ഭാരം എല്പ്പിക്കപ്പെടുന്നവൻ എന്നാണ്. ഒരു വക്കീലിന്റെ യഥാർത്ഥ ഭാരം മനസ്സിലാക്കണമെങ്കിൽ വക്കീലായാൽ പോരാ, അവൻ ഒരു കക്ഷി കൂടി ആകണം. കേസും അതിന്റെ ഭാരവും അതിലെ പ്രശ്നങ്ങളും ഒരു വക്കീലായ എനിക്ക് മനസ്സിലായത് ഭർത്താവിന്റെ കേസിന്റെ ഭാരം പങ്കു വെച്ചപ്പോഴാണ്. കുടിയേറ്റവും കുടിയൊഴിപ്പിക്കലും, വാടക കരാറും കൌണ്‍സിൽ ടാക്സും, ശമ്പള കുടിശ്ശികയും ഒക്കെയായി പന്ത്രണ്ടിലേറെ കേസുകളിൽ കുടുങ്ങിയ ഒരു കക്ഷിയുടെ ഭാര്യയായപ്പോഴാണ് ആത്മാർഥത ഇല്ലാത്ത വക്കീൽ ജോലി അക്ഷരാർഥത്തിൽ  കൊള്ളയടിക്കൽ ആണെന്ന് മനസ്സിലായത്. കിട്ടുന്ന വരുമാനവും അതിലപ്പുറം കടം വാങ്ങിയും ബാരിസ്റ്റർക്കു കൊടുത്താലും അയാൾ കോടതിയിൽ മിണ്ടാതിരിക്കുമ്പോൾ കക്ഷിക്കുണ്ടാകുന്ന വേദന മനസ്സിലാക്കാൻ ഏതൊരു വക്കീലും ഒരിക്കലെങ്കിലും കക്ഷി ആകണം. 

എന്തായാലും എനിക്ക് ബാരിസ്റ്റർ ആകണ്ട. പണത്തിനു വേണ്ടി വക്കീലും ആകണ്ട.  ഭർത്താവിനു വേണ്ടി ബാർ കൌണ്‍സിലിൽ നിന്നും, അഡ്വക്കറ്റ് ജനറലിൽ നിന്നുമെല്ലാം പേപ്പർ ശേഖരിച്ചു. 

അപ്പോഴേക്കും പതിനൊന്നു മണി ആയിരുന്നു. ഭർത്താവ് വിളിച്ച് പറഞ്ഞു, ഹെൻറി കാനോയിംഗിനു പോയി, ഞാനിവിടെ കാത്തിരിക്കുകയാണ്. അപ്പോൾ എനിക്കുമൊരു മോഹം. ഞാൻ നേരെ മറൈൻ ഡ്രൈവിലേക്ക് നീങ്ങി. കൂട്ടമായി ബോട്ടിലൂടെ അറബിക്കടൽ തീരത്ത്‌ പോയിട്ടുണ്ടെങ്കിലും, ഒറ്റക്കൊരു ബോട്ടിലൊന്ന് സഞ്ചരിക്കുക എന്നത് വളരെ കാലമായുള്ള ആഗ്രഹമാണ്. കയ്യിൽ നിറയെ കാശുണ്ട്. ഞാനൊരു ബോട്ട് വാടകയ്ക്കെടുത്തു. ഞാനും ബോട്ടിന്റെ ഡ്രൈവറും കിളിയും മാത്രം. ബോട്ട് ബോൾഗാട്ടി എത്താറായപ്പോഴതാ ഒരു സതീഷ്‌ വിളിക്കുന്നു, മാഡം, നിങ്ങളുടെ ഗസ്റ്റ് വഴി തെറ്റി എന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. പുള്ളിക്കാരൻ ആകെ വിഷമിച്ചിട്ടാണ്. നിങ്ങളുടെ ഭര്ത്താവിനെ വിളിച്ചിട്ട് കിട്ടുന്നില്ല.


ഞാൻ അദ്ദേഹത്തോട് എന്റെ അതിതിയെ വേണ്ട രീതിയിൽ സംരക്ഷിക്കാൻ പറഞ്ഞു, ബോട്ട് തിരിച്ചു വിട്ടു വീട്ടിലേക്കു പോന്നു. എന്തായാലും ഹെൻറി ശരിക്കും പേടിച്ചിരുന്നു. കാനഡയിൽ ഒറ്റയ്ക്ക് കാനോയിംഗ് നടത്തിയത് ആലപ്പുഴയിൽ നടക്കില്ലാന്ന് മനസ്സിൽ പറഞ്ഞു.  

ഹൌസ് ഓഫ് കോമണ്‍സിൽ നടക്കുന്നത് ഹെന്രിയുടെ ആപ്പീസിന്റെ വാർഷികാഘോഷമാണു. പോകാതിരുന്നാൽ മോശമല്ലേ. ഭർത്താവ് നിർബന്ധിച്ചു. പോയി. ഹൗസ് ഓഫ് കോമൻസ് സ്ഥിതി ചെയ്യുന്നത് വെസ്റ്റ്‌ മിനിസ്റ്റരിലെ പാർലമെന്റ് സ്ക്വയരിലാണു. വിക്ടോറിയയിൽ നിന്നും ഡിസ്ട്രിക്റ്റ് ലെയിൻ വഴി വെസ്റ്റ്‌ മിനിസ്ടരിലെത്താം. പ്രശസ്തമായ ബിഗ്‌ ബെൻ ക്ലോക്ക് ടവറിനു പുറകിലാണ്, പാർലമെന്റ് സ്ക്വയർ. ഇതും തേംസ് നദിയുടെ തീരത്ത്‌ തന്നെയാണ്. ഞങ്ങൾ പോയത് കാറിലായിരുന്നു. ക്രോംവേൽ ഗ്രീൻ എന്ട്രന്സിലൂടെ ആയിരുന്നു, പ്രവേശനം. ഫോട്ടോ എടുത്തു ഐഡന്റിട്ടി കാർഡും തന്നു സെക്യൂരിറ്റി ചെക്ക്‌ എല്ലാം കഴിഞ്ഞേ അകത്തു കടക്കാനാകൂ. വിശാലമായ ഒരുപാട് ഹാളുകളിലൂടെ കടന്നു വേണം അകത്തെത്താൻ.  ഇതിന്റെയെല്ലാം അരികിലായി മൂടി പുതപ്പിച്ച പ്രതിമകൾ കാണാം. ആരെന്നോ എന്തെന്നോ അറിയില്ല. ഏറ്റവും മുകളിലായി ഏതൊക്കെയോ പുണ്യാളന്മാരുടെ ചിത്രവും അതിനരുകിൽ ശരീരവും തലയും മറച്ച സ്ത്രീകളെയും കണ്ടു. രാത്രിയായതിനാൽ പേരു വായിക്കാനായില്ല. ഏറ്റവും ആകർഷിച്ചത് തുടക്കം മുതൽ ഒടുക്കം വരെയുള്ള ചുമരുകളിലെ പെയിന്റിങ്ങുകൾ ആണ്. ഞാനൊരു ഫോട്ടോഗ്രാഫർ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി. 

സല്ക്കാര വേദിയിലെത്തി. അവിടെ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. കുറേ മനുഷ്യർ കയ്യിലൊരു ഗ്ലാസ്സുമായി നില്പ്പുണ്ടായിരുന്നു. പരിചയമുള്ളത് മൈക്കിളും ജോർജും ഫരൂഖും റിച്ചാർഡും മാത്രം. ജോർജ് ഒഴിച്ചുള്ളവരെല്ലാം ബാരിസ്റ്റർ ആണ്. ഞങ്ങൾക്ക് ഓരഞ്ച് ജ്യൂസ് തന്നു. സാരിയുടുത്ത് ഹിജാബിട്ടത് ഞാൻ മാത്രമായതിനാൽ കൂട്ടത്തിൽ ഒറ്റപ്പെട്ടതായി തോന്നി. ഒരു മൂലയിൽ ഒതുങ്ങി കൂടി, അരികിലൂടൊഴുകുന്ന തേംസ് നദിയെ നോക്കികൊണ്ട് നിന്നു.

കുറെ സമയം കഴിഞ്ഞ് ഫറൂഖ് മഗ്രിബ് നമസ്കരിക്കാൻ ക്ഷണിച്ചു. ഇഖാമത്ത് കൊടുക്കുമ്പോൾ മനസ്സിൽ കരുതി, എത്രയധികം ഓർമകൾക്ക് സാക്ഷ്യം വഹിച്ച, എത്രയധികം തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നും സാക്ഷ്യം വഹിക്കുന്നു. 

തിരികെ എത്തുമ്പോൾ ഡിന്നറിനായി സമൂസയും ചിക്കനും ഫിഷുമെല്ലാം എത്തിയിരുന്നു.    ഇവിടെ ചിക്കൻ ഹലാൽ ആണെന്ന് ഉറപ്പില്ലാത്തതിനാൽ കഴിക്കാൻ കഴിയില്ല. ഫിഷ്‌ സീബാസ് ആയിരുന്നെങ്കിലും അത്ര താല്പര്യം പോര. എന്തായാലും നമ്മുടെ സമൂസ, അതും വെജിടബിൽ സമൂസ ഇരുന്നു ചിരിക്കുന്നു, എനിക്ക് സമാധാനമായി. ഹൌസ് ഓഫ് കോമണ്‍സിലും സമൂസ.