Sunday, 5 August 2018

ഫോസ്റ്ററിംഗ്‌


ആരുടേയും സ്വപ്നഭൂമിയായ ലണ്ടനെന്ന മഹാ നഗരം ബ്രിട്ടനിൽ ആണെന്നല്ലാതെ അതിനെ കുറിച്ച് വലിയ വിവരമൊന്നും ചെറുപ്പത്തിൽ ഉണ്ടായിരുന്നില്ല. ബ്രിട്ടനാകട്ടേ, എന്റെ മാതൃ രാജ്യത്തെ അടിമത്തത്തിന്റെ ചങ്ങലയിൽ കാലങ്ങളോളം തളച്ചിട്ട ക്രൂരരായ ഭരണാധികാരികളുടെ നാടാണ്.

ക്രൂരരായ ബ്രിട്ടീഷിനെ തോൽപിച്ചെങ്കിലും എന്ന ഒരു വരിയോട് കൂടിയ സങ്കല്പ ഭാരതമെന്ന എന്റെ ആദ്യ കവിത കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ ബ്രിട്ടനിലേക്ക് സന്ദര്ശനത്തിനായിട്ടെങ്കിലും യാത്ര ചെയ്യുക എന്നത് എന്റെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

രണ്ടായിരത്തി അഞ്ചിൽ ജോലി തേടി ദുബായിലെത്തിയ നാളിൽ സ്പോൺസറായ സഞ്ചയ് ഷാ ഒരു കെട്ട് പുസ്തകം എനിക്ക് മുമ്പിൽ വെച്ചിട്ട് പറഞ്ഞു, " താൻ ഇവിടെ ജോലിയൊന്നും ചെയ്യണ്ട. ലണ്ടനിൽ QLTT എന്നൊരു പരീക്ഷ ഉണ്ട്. പരദേശീയരായ വക്കീലന്മാർ ഈ പരീക്ഷ പാസായാൽ അവിടെ വക്കീലായി ജോലി ചെയ്യാം. എനിക്കവിടെ ഒരു വക്കീലാഫീസുണ്ട്, തന്നെ അവിടേയ്ക്ക് അയക്കാനാണ് എന്റെ പ്ലാൻ. അടുത്ത ഏപ്രിലിൽ പരീക്ഷ എഴുതാനുള്ള വിസയും ടിക്കറ്റും ഞാൻ ശരിയാക്കാം".

പഠിക്കുന്നതെന്നും എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞാൻ പരീക്ഷ എഴുതാം, പാസ്സാകാം. പക്ഷേ ജോലിക്കായി എനിക്ക് ലണ്ടനിൽ പോകാൻ വയ്യ. ദുബായ് അറബികളുടെ രാജ്യമാണെങ്കിലും അവിടെ ഭൂരിഭാഗവും മലയാളികളാണ്. ആ ആത്മവിശ്വാസത്തിലാണ് ഞാൻ ദുബായിൽ വന്നത്. വെല്ലുമ്മിച്ചിയുടെ ആങ്ങളയുടെ ഇരുപത്തി ഒന്ന് മക്കളിൽ കൂടുതൽ പേരും ദുബായിലുണ്ട്. അവരെ കാണാനോ ശല്യം ചെയ്യാനോ ആഗ്രഹിക്കുന്നില്ലെങ്കിലും ബന്ധുക്കളായി ആരെങ്കിലും ഇവിടെയുണ്ടല്ലോ എന്നത് ഒരു ധൈര്യം കൂടിയാണ്.

അതിനാൽ ഞാൻ സ്പോൺസറോട് തീർത്തു പറഞ്ഞു, " ഞാൻ ദുബായിൽ വന്നത് ഇവിടെ ജോലി ചെയ്യാനാണ്, ലണ്ടനിൽ പോകാനല്ല, എനിക്ക് ലണ്ടൻ ജോലിക്ക് താല്പര്യമില്ല". അയാൾക്കത് തീരെ പിടിച്ചില്ലെങ്കിലും പിന്നീടൊന്നും പറയാതെ കൊണ്ട് വന്ന പുസ്തകങ്ങൾ തിരിച്ചെടുത്ത് കൊണ്ട് പോയി.

കാലത്തിന്റെയും ജീവിതത്തിന്റേയും ചക്രങ്ങൾ ഒരുപാട് കറങ്ങി തിരിഞ്ഞപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം ഞാൻ വിവാഹത്തിലൂടെ അതേ ലണ്ടനിൽ തന്നെ എത്തി. ഭർത്താവുമൊരുമിച്ചാണ് യാത്ര ചെയ്തതെങ്കിലും ബ്രിട്ടീഷ് പൗരന്മാർക്കും അല്ലാത്തവർക്കും എമിഗ്രെഷനിൽ വെവ്വേറെ വരികളായിരുന്നതിനാൽ ഒറ്റയ്ക്കായിരുന്നു എമിഗ്രെഷനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. അഞ്ച് വർഷത്തെ ദുബായ് വാസം കൊണ്ട് ഒരുപാട് വിദേശീയരെ കണ്ടിട്ടുണ്ടെങ്കിലും കൂടുതൽ പേരും ഫിലിപ്പീൻസിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ളവരായിരുന്നു. ഇവിടെയിതാ പല നിറങ്ങളിലും രൂപങ്ങളിലുമായി മുന്നിലും പിന്നിലുമെല്ലാം വിദേശീയർ മാത്രം. ചിലരെയെല്ലാം ചൈന, ശ്രീലങ്ക, ആഫ്രിക്കൻ എന്നൊക്കെ മനസ്സിൽ കരുതി അവലോകനം ചെയ്തു.

പത്ത് പന്ത്രണ്ട് മണിക്കൂർ യാത്ര ചെയ്തതിന് ശേഷം വിസ്തരിച്ചോന്ന് ടോയ്‌ലറ്റിൽ പോകാനായി എമിഗ്രെഷൻ കഴിഞ്ഞ ഉടനെ ഞാൻ താഴെയുള്ള ശൗച്യാലയത്തിലേക്ക് യാത്രയായി. ഇന്നേ വരെ കണ്ടിട്ടുള്ള എല്ലാ ശൗച്യാലയങ്ങളെക്കാളും വൃത്തിയുള്ള പരിസരം. ആശ്വാസമായി. ഞാൻ ടോയ്‌ലറ്റിൽ കയറി വാതിലടച്ചു. ചുറ്റും നോക്കി, വെള്ളം മാത്രമില്ല. പകരം വലിയ ടിഷ്യൂ റോൾ ഭംഗിയായി അലങ്കരിച്ച് വെച്ചിരിക്കുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു. തൽകാലം കുറച്ചധികം ടിഷ്യൂ ചുരുട്ടിയെടുത്ത് പുറത്തുള്ള പൈപ്പിൽ നിന്നും നനച്ച് ഞാൻ വൃത്തിയാക്കി പുറത്ത് കടന്നു.

എനിക്കാധിയായി, രണ്ട് മാസം കൂടെ താമസിച്ചിട്ടും ഭർത്താവ് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ? അതോ ഇൻഗ്ലണ്ടിലെ ജീവിത രീതിയെ കുറിച്ച് ഒന്നും ചോദിച്ച് മനസ്സിലാക്കാതിരുന്നത് എന്റെ മണ്ടത്തരമാണോ? ഏറ്റവും കൂടുതൽ പൊതുജനോപകാരപ്രദമായ സേവനത്തുറയായ എയർപോർട്ടിൽ ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ സ്ഥലങ്ങൾ എങ്ങിനെയിരിക്കും?

കാത്ത് നിന്നിരുന്ന ഭർത്താവിനോട് ഞാൻ കണ്ട അതിശയകരമായ സംഭവം വിശദീകരിച്ചപ്പോൾ," ഇതിവിടെ അത്ര വലിയ കാര്യമൊന്നുമല്ല. ഇഗ്ളീഷുകാർ ടിഷ്യൂ ഉപയോഗിച്ചാണ് ഇവിടെ കാര്യങ്ങൾ നിർവ്വഹിക്കുന്നത്. വീട്ടിലെ ടോയ്‌ലറ്റും ഇത് പോലെ തന്നെയാണ്. നാം പ്ലാസ്റ്റിക് കപ്പും പൈപ്പ് പോലുള്ള പ്ലാസ്റ്റിക് കണ്ടയ്നറുകളുമാണ് ടോയ്‌ലറ്റിൽ ക്ളീനിംഗിനായി ഉപയോഗിക്കുന്നത്. കുളിക്കാനും പല്ല് തേക്കാനുമെല്ലാം പൈപ്പ് ഉപയോഗിക്കാം”.

ടോയ്‌ലറ്റ് ഇങ്ങനെയാണെങ്കിലും എയർ പോർട്ടിലും ഹോം ഓഫീസിലുമെല്ലാം മൾട്ടി ഫെയ്ത്ത് പ്രയർ റൂമും വെള്ളവുമൊക്കെയുള്ളത് മറ്റൊരു അതിശയമായി നിലകൊണ്ടു.

നിരുപദ്രവകാരിയായിരുന്നിട്ടും ആരെയും മനസ്സറിഞ്ഞ് ചതിക്കാതിരുന്നിട്ടും ഒരുപാട് കേസിൽ അകപ്പെട്ടിരുന്നപ്പോഴാണ് ഡോക്ടറായ ഭർത്താവ് വക്കീലായ എന്നെ വിവാഹം ചെയ്യാനെത്തിയത്. അദ്ദേഹത്തിന്റെ പേരിലുള്ള കേസുകളുടെ വിവരമറിഞ്ഞപ്പോൾ ഒരു വക്കീലിന്റെ ആവശ്യത്തിന് വേണ്ടിയാണോ എന്നെ തന്നെ കല്യാണം കഴിച്ചതെന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ച് പോയി. എന്തായാലും ലണ്ടനിലെത്തി ആദ്യ യാത്രയും വക്കീലാഫീസിലേക്ക് തന്നെയായിരുന്നു. ക്രോയ്ഡണിൽ നിന്നും ടെംപിളിലേക്ക് ട്രെയിനിൽ ആയിരുന്നു യാത്ര.

താമസിക്കുന്ന ലോവർ അഡിസ്‌കോംബ് റോഡിൽ നിന്നും ഈസ്റ്റ് ക്രോയ്ഡൺ റെയിൽ സ്റ്റേഷനിലേക്ക് പോയത് ട്രാമിലായിരുന്നു. ഇൻഗ്ലണ്ടിലെ തിരക്കുള്ള നഗരങ്ങളിൽ ചെറിയ ദൂര യാത്രയ്ക്കായി ബസ് പോലെ സേവനം അനുഷ്ഠിക്കുന്ന ഒരു ഗതാഗത സൗകര്യമാണ് ട്രാം. കാഴ്ചയിൽ ചെറിയ ട്രെയിൻ പോലെ ഉള്ള ഇവ ബസിനേക്കാൾ വലുതും എന്നാൽ ട്രെയിനിനേക്കാൾ ചെറുതും ആണെങ്കിലും പ്രധാന ട്രെയിൻ സ്റ്റേഷനുകളിൽ യാത്രക്കാരെ എത്തിക്കാൻ പ്രധാന പങ്ക് വഹിക്കുന്നു.

ട്രാമിൽ കയറിയ ഉടനെ വാതിൽക്കൽ ഉള്ള സീറ്റിൽ ഇരിക്കുന്ന വൃദ്ധ ദമ്പതികളിൽ സ്ത്രീ വളരെ ഹാർദ്ധവമായി പുഞ്ചിരിച്ചു. എത്ര ഉത്കണ്ഠാകുലമായ മനസ്സിനേയും എല്ലാം മറന്നൊന്ന് ഉന്മേഷഭരിതമാക്കുവാൻ പോന്ന ചിരി. പരിചയമില്ലാതിരുന്നിട്ടും അവർ "ഹായ്, ഹൌ ആർ യൂ" എന്ന് ചോദിച്ചു. മറുപടി പറയും മുമ്പേ എന്റെ നാട്ടിലെ, അയൽക്കാരാണെങ്കിലും അടുത്ത് കണ്ടാൽ ചിരിക്കുന്നത് പോയിട്ട് പരിചയഭാവം പോലും നടിക്കാതെ തിരിഞ്ഞു നടക്കുന്ന ആളുകളിലേക്ക് മനസ്സ് ഓടിയെത്തിയപ്പോഴേക്കും ഭർത്താവ് മറുപടിയായി, "ഫൈൻ, താങ്ക്യൂ, വാട്ട് എബൌട്ട് യൂ " എന്ന് പറഞ്ഞ് ഇഗ്ളീഷ് നാട്ടിലെ മര്യാദകളിൽ ഒന്നാമത്തേത് എന്നെ പഠിപ്പിച്ചു തന്നു. കൂടെ, "മനസ്സിൽ എന്ത് തന്നെ ആയിരുന്നാലും ഇവർ പുറമെ പുഞ്ചിരി പ്രദർശിക്കുന്നവരാണെന്നും നമ്മളും അത് പോലെ പ്രതികരിച്ചില്ലെങ്കിൽ അത് മര്യാദ കേടാണെന്നും” കൂട്ടി ചേർത്തു.
മറ്റുള്ളവരെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നത് ഒരു സൽകർമ്മം ആണെന്ന് റസൂലിന്റെ ഹദീസ് ഉണ്ടെന്നും ഖുർആനിലെ രണ്ടാം അദ്ധ്യായത്തിലെ എണ്പത്തിമൂന്നാം വാക്യത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളായ നമസ്കാരത്തിനും നോമ്പിനും മുമ്പ് പ്രതിപാദിക്കുന്ന അഞ്ച് കാര്യങ്ങളിൽ മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കഴിഞ്ഞാൽ മനുഷ്യരോട് നല്ലത് സംസാരിക്കുക എന്ന വാക്യങ്ങളൊന്നും ഇവർക്കറിയില്ലെങ്കിലും അറബികളേക്കാളും നന്നായി പെരുമാറുന്നത് മുസ്ലിമല്ലാത്ത ഈ രാജ്യക്കാരാണല്ലോ എന്ന് ഒരുപാട് അറബികളെ കണ്ട് ശീലിച്ച ഞാൻ അതിശയത്തോടെ ഭർത്താവിനോട് പറഞ്ഞു.

ചെറിയ ദൂരം മാത്രമുള്ളതാണെങ്കിലും ആ ട്രാം യാത്രയിൽ എന്നെ അദ്‌ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അതിൽ കൂടുതലും വയസ്സായ ആളുകൾ ആയിരുന്നു എന്നതാണ്. മേക്കപ്പിട്ട് ഭംഗിയാക്കിയ മുഖവും പേൾ മാല കൊണ്ട് അലങ്കരിച്ച കഴുത്തും നെയിൽ പോളിഷ് കൊണ്ട് സുന്ദരമാക്കിയ കൈകളുമെല്ലാം ചുക്കി ചുളുങ്ങിയതാണെങ്കിലും വാക്കിലും നോക്കിലും നടത്തത്തിലുമെല്ലാം നല്ല ഉന്മേഷം തോന്നിക്കുന്ന വൃദ്ധന്മാർ. ചെറുപ്പത്തിൽ നാട്ടിലെ ഏത് വീട്ടിൽ പോയാലും ഒരു ചാരുകസേരയും അതിൽ ഒരു ഉപ്പാപ്പയും അതിനടുത്ത് മുറുക്കാൻ ചെല്ലവും കോളാമ്പിയുമായി ഒരു ഉമ്മൂമ്മയേയും കാണുക പതിവായിരുന്നു. ഇന്ന് ആ കാഴ്ച്ച അപ്രത്യക്ഷമായിരിക്കുന്നു, ചാരുകസേരയിൽ ഇരിക്കുന്ന പ്രായത്തിന് മുമ്പേ വാർദ്ധക്യത്തിലേക്ക് കടക്കും മുമ്പേ ക്യാൻസറിനാലോ പ്രമേഹത്താലോ അപകടത്താലോ നാട്ടിലെ ആളുകളൊക്കെ മരിച്ച് കൊണ്ടിരിക്കുന്നു.
ഈ വാർദ്ധക്യത്തിലും ഇവരുടെ ചുറുചുറുക്കിന്റെ രഹസ്യം ചോദിച്ച ഭർത്താവ് നാട്ടിലേത് പോലെ രണ്ടടി യാത്ര ചെയ്യാനും ഇവർ നിന്നെ പോലെ ഓട്ടോ റിക്ഷ വിളിക്കാറില്ലെന്നും ഏത് യാത്രയ്ക്കും പരമാവധി നടന്ന് മാത്രം പോകുന്ന ശീലമാണ് ഇവരുടെ ആരോഗ്യ രഹസ്യമെന്നും വെളിപ്പെടുത്തി. ക്രോയ്ഡനിൽ നിന്ന് ബ്ളാക് ഫ്രെയർസിലേക്കും അവിടെ നിന്ന് ടെംപിളിലേക്കും നടന്നപ്പോൾ അത് ശരിയാണെന്ന് എനിക്കും ബോധ്യമായി.
ഹെൻറി ഹെൻട്രോണിന്റെ ഓഫീസിലെത്തി പരിചയപ്പെടലിന് ശേഷം റിസപ്‌ഷനിസ്റ്റ് ചായയുമായെത്തി. മലയാളികൾ ചായ കുടിക്കാൻ ഉപയോഗിക്കുന്ന ഗ്ളാസിന്റെ മൂന്നിരട്ടി വലിപ്പമുള്ള കോപ്പയിലായിരുന്നു, ചായയുമായി അവർ എത്തിയത്. "ഇതെന്താ കുട്ടളത്തിലാണോ ഇംഗ്ളീഷുകാർ ചായ കുടിക്കുന്നത്" എന്ന ചോദ്യവുമായി ചായ കുടിക്കാനിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ചായയുടെ രുചി. തിളപ്പിച്ച വെള്ളത്തിൽ ടീ ബാഗിട്ടു തിളപ്പിക്കാത്ത പാലൊഴിച്ച് മധുരം പോലും ആവശ്യത്തിനില്ലാത്ത ചായയുടെ ഓമനപ്പേരാണത്രെ ഇംഗ്ളീഷ് ടീ. അതും കുറച്ചാണെങ്കിൽ കഷായം കുടിക്കുന്ന പോലെങ്കിലും കുടിക്കാം. ഇത്രയധികം ടീ, അതും ഈ ഇംഗ്ളീഷ് ടീ എനിക്ക് കുടിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഞാൻ മടി പിടിച്ചപ്പോൾ ഇതാണെനിക്ക് പ്രിയമെന്ന് പറഞ്ഞ് ആസ്വദിച്ച് കുടിക്കുന്ന ഭർത്താവിനെ നോക്കി അത്ഭുതത്തോടെ ഞാനിരുന്നു. പിന്നീടിങ്ങോട്ടുള്ള കാലമത്രയും ഇംഗ്ളീഷ് ടീ ഉണ്ടാക്കി ഭർത്താവിന് കൊടുത്തിട്ടുണ്ടെങ്കിലും രുചിച്ച് പോലും നോക്കിയിട്ടില്ലെങ്കിലും ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് അതിനോടൊരു പ്രിയം ഉള്ളിലില്ലാതില്ല.
ലണ്ടനിലെത്തിയ രണ്ടായിരത്തി പന്ത്രണ്ട് ആഗസ്ത് പതിനെട്ടിന്റെ മൂന്നാം ദിവസം ബലി പെരുനാൾ ആയിരുന്നു. രാവിലെ കുളി കഴിഞ്ഞ് ചായ മാത്രം കുടിച്ച് വിസ്തരിച്ച് ഭക്ഷണം ഉണ്ടാക്കാൻ ഒരുങ്ങിയ എന്നോട് "വേഗം യാത്രയായിക്കോ, ഇപ്പോൾ നമസ്കാരം തുടങ്ങും, പള്ളിയിൽ പോകണം " എന്നായി ഭർത്താവ്.

"പള്ളിയോ? സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ പാടില്ല, നമ്മൾ സുന്നികളല്ലേ"

"നീ, സുന്നിയായിരിക്കും, പക്ഷേ ഞാൻ ഹനഫിയാണ്, സുന്നിയായാലും ഹനഫിയായാലും ഇവിടെ എല്ലാവരും വെള്ളിയാഴ്ചയും തറാവീഹിനും പെരുനാളിനുമെല്ലാം പള്ളിയിൽ പോയി നമസ്കരിക്കാറുണ്ട്. നീ വേഗം വാ".
സ്ത്രീകൾക്ക് വീടാണ് നമസ്കരിക്കാൻ ഉത്തമമെന്ന ഹദീസൊക്കെ എടുത്ത് വാദപ്രതിവാദത്തിനൊരുങ്ങുമ്പോഴേക്കും ഭർത്താവ് റെഡിയായി കഴിഞ്ഞിരുന്നു. കാറിലിരുന്നപ്പോൾ അദ്ദേഹം വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും പുണ്യമാക്കപ്പെട്ട അല്ലാഹുവിന്റെ ഭവനമെന്ന് വിശേഷിപ്പിക്കുന്ന മസ്ജിദുൽ ഹറമിൽ സ്ത്രീകൾക്ക് പ്രത്യക വരികളില്ല, മറകളില്ല, ആഗമന നിർഗ്ഗമന പാതകളില്ല, എല്ലാവരും വരുന്നതും പോകുന്നതും ഒരേ പാതയിലൂടെ. ഹറമിനെ പ്രദക്ഷിണം വെയ്ക്കുന്ന ത്വവാഫിൽ അന്യരായ സ്ത്രീകളും പുരുഷന്മാരും പരസ്പരം കാണുന്നുവെന്ന് മാത്രമല്ല, അവിടുത്തെ തിരക്കിനിടയിൽ സ്പർശിക്കുകയും ചെയ്യുന്നു. ത്വവാഫിന് ശേഷം നിര്ബന്ധമായ മഖാം ഇബ്രാഹിമിന് പിന്നിലുള്ള രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരത്തിൽ എല്ലാവരും ഒരേ വരികളിൽ ചിലപ്പോൾ സ്ത്രീയും പുരുഷനും മുട്ടിയുരുമ്മി നമസ്കരിക്കുക പോലും ചെയ്യുന്നു. സഫാ മർവ്വയ്ക്കിടയിലൂടെയുള്ള നടത്തവും ഒരുമിച്ച്. ഇവിടെ മുഖം മറയ്ക്കുന്ന മുഖം മൂടി ആർക്കും നിർബന്ധമില്ല, കറുത്ത പർദ്ധയും നിർബന്ധമില്ല. സ്ത്രീകൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രം. നമസ്കാര സമയങ്ങളിൽ തിരക്ക് മൂലം ഹറമിലേക്ക് പ്രവേശനം നിഷേധിക്കുന്ന സമയത്ത് സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകി അവരെ അകത്തേക്ക് കടത്തി വിടുന്നതും കാണാം.

ലോക മുസ്ലിമിന്റെ പുണ്യഭൂമിയായ മക്കയിൽ, സ്ത്രീകൾക്കെല്ലാ നിഷേധങ്ങളും അടിച്ചേൽപ്പിക്കുന്ന സൗദി അറേബ്യായിലെ മക്കയിലെ പള്ളിയിൽ സ്ത്രീകൾക്ക് നമസ്കരിക്കാമെങ്കിൽ ഒരു സുന്നിയുടെയും മുജാഹിദിന്റെയും ഫത്വ ആവശ്യമില്ല, സ്ത്രീകൾക്ക് പള്ളിയിൽ നമസ്കരിക്കാൻ.

സുന്നിയും മുജാഹിദും ജമാ-അത്ത് ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം അറിയും മുമ്പേ അഭിമാന പൂർവ്വം "ഞാൻ സുന്നിയാണ് " എന്ന് പാടി നടന്നിരുന്ന എന്നെ പോലുള്ള സുന്നി സ്ത്രീകൾക്ക് കുഞ്ഞായിരുന്നപ്പോൾ നബിദിനത്തിന്റെ പാട്ട് കേൾക്കാനും വലുതായപ്പോൾ ബാഖഫി മാരുടെയും സഖാഫി മാരുടെയും മത പ്രസംഗം കേൾക്കാനുമല്ലാതെ പള്ളി മുറ്റം പോലും എന്നും ഹറാമായിരുന്നു. പള്ളിമുറ്റത്തിന് പോലും പ്രത്യേക മറകളും കവാടങ്ങളും ഉണ്ടാകും. സ്ത്രീകൾക്ക് പള്ളിയിൽ നമസ്കാരം ഹറാമാണ്. വീടാണ് സ്ത്രീകൾക്ക് നമസ്കാരത്തിന് ഉത്തമമെന്ന് കരുതി ഞങ്ങളെന്നും വീട്ടിനകത്ത് നമസ്കരിച്ച് പോന്നു.

എന്തായാലും ആദ്യമായി പള്ളിയിൽ പെരുനാൾ നമസ്കരിച്ചു. നമസ്കാരത്തിന് മുമ്പുള്ള പ്രസംഗത്തിൽ ഫോസ്റ്ററിംഗിൽ മുസ്ലിമുകൾ പങ്കാളികൾ ആകണമെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും പോരുമ്പോൾ എല്ലാവർക്കും അതിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ലീഫ്ലറ്റും നൽകി.

പള്ളിയിൽ നിന്നും നേരെ ടൂട്ടിംഗിലുള്ള ഒരു ഇന്ത്യൻ ബേക്കറിയിൽ കയറി ചായയും പെരുനാൾ സ്‌പെഷ്യൽ ആയി പായസവും കഴിച്ചു അടുത്തുള്ള പാർക്കിൽ ചുറ്റി കറങ്ങി ഉച്ചയായപ്പോൾ ദോശ ആൻഡ് ചട്ണിയിൽ നിന്നും ഊണും കഴിച്ച് വീട്ടിലേക്ക് തിരിച്ചു.

കാറിൽ ഇരുന്ന ഫോസ്റ്ററിംഗ്‌ ലീഫ്ലറ്റ് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ ഭർത്താവ് വിശദീകരിച്ചു, അച്ഛനമ്മമാരിൽ നിന്ന് അകന്ന് താമസിക്കുന്ന അല്ലെങ്കിൽ അനാഥരായ കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കാൻ ഇവിടുത്തെ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള രീതിയാണ് ഫോസ്റ്ററിംഗ്‌. ഒരു കുടുംബത്തിന് ആവശ്യമായതിലധികം താമസ സൗകര്യവും മേൽനോട്ടത്തിന് ആളും ഉണ്ടെങ്കിൽ ഉപാധികൾക്ക് വിധേയമായി സർക്കാർ ഒരു കുട്ടിയെ വളർത്താനായി നൽകും. അതിനായി ഒരു കുട്ടിക്ക് വേണ്ടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ വർഷത്തിൽ ജാതിയോ മതമോ നിറമോ ദേശീയതയോ നോക്കാതെ സർക്കാർ ചിലവഴിക്കുന്നു.

ഇത്ര ചിലവേറിയ ഈ അനാഥ സംരക്ഷണ രീതി എന്നിൽ ആകാംക്ഷ വർദ്ധിപ്പിച്ചു. പക്ഷേ അനാഥ സംരക്ഷണവും ഇസ്‌ലാമിന്റെ നേടും തൂൺ ആണല്ലോ. ലോകത്തിൽ ഏറ്റവുമധികം വിവാദമുളവാക്കിയിട്ടുള്ള ബഹുഭാര്യത്വം എന്ന നിര്ബന്ധമല്ലാതിരുന്നിട്ടും ദുരുപയോഗം ചെയ്യുന്ന വ്യവസ്ഥിതി തന്നെ നിലവിൽ വന്നത് അനാഥ സംരക്ഷണം എന്ന മഹത്തായ ആദർശത്തിന് വേണ്ടിയാണ്.
സക്കാത്തിന്റെയും സ്വദഖയുടെയും മഹത്വം വിളിച്ചോതുന്നവയായിരുന്നു, വഴിയിൽ കണ്ട ചാരിറ്റി ഷോപ്പുകളും സൂപ്പർ മാർക്കറ്റുകൾക്കരികിലെ ചാരിറ്റി ബോക്സുമെല്ലാം. സൗദിയും ദുബായ് അടക്കമുള്ള ശരീ-അത്ത് രാജ്യങ്ങളിലൊന്നും കാണാത്ത അവസ്ഥാ വിശേഷം. അഞ്ച് വർഷത്തിലധികം ഞാൻ താമസിച്ചിട്ടുള്ള ഈ രാജ്യങ്ങളിൽ അല്ല, ഇവിടെ ഈ ഇഗ്ളീഷ് രാജ്യത്താണ് യഥാർത്ഥ ഇസ്‌ലാം പുലരുന്നതെന്ന് തോന്നിക്കുന്നതായിരുന്നു, ഓരോ മനസ്സിലാക്കലും.

കൂടാതെ തങ്ങളുടെ രാജ്യത്തെ പൗരന്മാരായവർക്കും അല്ലാത്തവർക്കും എല്ലാം തൊഴിലില്ലായ്മാ വേതനവും, കുട്ടികൾക്കും മുതിർന്നവർക്കും ആനുകൂല്യവും, വീടില്ലാത്ത കുറഞ്ഞ വരുമാനക്കാർക്ക് പ്രത്യക ആനുകൂല്യവും, വിദ്യാഭ്യാസ ചികിത്സാ സൗജന്യവും എല്ലാം നൽകി സർക്കാർ സംരക്ഷിക്കുന്നു. കൂടുതൽ നേടുന്നവരിൽ നിന്നും നികുതി ഈടാക്കിയാണെങ്കിലും സംരക്ഷണം ഉറപ്പ് വരുത്തുന്ന ഈ നിയമങ്ങളോട് മതിപ്പ് തോന്നുന്നത് അത് പോലെ ഈടാക്കുന്ന നികുതി രാഷ്ട്രീയക്കാരുടെ സ്വിസ് ബാങ്കുകളിലേക്ക് ഒഴുകുന്ന നാട്ടിലെ സംരക്ഷണം ഓർമ വരുമ്പോഴാണ്.